Tuesday, 26 March 2013

പുതുജീവിതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍

                   വീണ്ടും ഒരു മാര്‍ച്ച് 27 പുതു ജീവിതത്തിന്റെ പുത്തന്‍ അനുഭവ പാഠശാലയിലേക്ക് ഞങ്ങള്‍ പാദമൂന്നിയ ദിവസം സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും സുഖ:ദുഖത്തിന്റെയും പരിഭവത്തില്‍ പൊതിഞ്ഞ പ്രണയാനുഭവങ്ങളുടെയും രണ്ട് വര്‍ഷങ്ങള്‍ ...!

                    മനുഷ്യജീവിതത്തിലെ അവിസ്മരണീയമായ സുന്ദരമായ ഒരു നിമിഷം തന്നെയാണ് വിവാഹം.രണ്ടുവഴികളില്‍ ഒഴുകുന്ന ഒരു പുഴ ഒന്നിച്ച് ഒഴുകുന്ന ഊഷ്മളമായ അനുഭവം. ആ
പുഴയുടെ ഓളങ്ങളില്‍ സ്നേഹാനുഭൂതിയുടെ വനപുഷ്പങ്ങള്‍ താള ലയ നിബിഡമായി ഒഴുകി
വരുന്നു.ആ പുഴയുടെ ആഴങ്ങളില്‍ രത്നങ്ങളും പവിഴങ്ങളും നിറയുന്നു. ആ പുഴയുടെ ഓളങ്ങള്‍ ഗാഡ സ്നേഹമാകുന്ന പാറക്കെട്ടുകളില്‍ തട്ടി ചിതറുന്ന ശബ്ദം സംഗീതമാണ്.

                      വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുന്നു എന്ന ബൈബിള്‍ വജനം എത്ര അര്‍ഥപൂര്‍ണ്ണമാണ്‍.പരസ്പര പങ്കുവെക്കലുകളുടെ സ്വര്‍ഗീയമായ നിമിഷങ്ങള്‍ തീര്‍ത്ത്

                    പുതിയ ജന്മത്തിന്റെ പിറവിക്കായി കാത്തിരിക്കുന്ന ആര്‍ദ്രമായ അമ്മ മനസ്സിന്റെ അനുഭവം വിവാഹത്തിലൂടെ പൂര്‍ണ്ണതയില്‍ എത്തുന്നു.

                  എന്നാല്‍ വിവാഹ മോചനം എന്ന വെറുക്കപ്പെട്ട അനുഭവം കേരളത്തിന് പുത്തരിയല്ലാതായി തീര്‍ന്നിരിക്കുന്നു.കാരണം സ്നേഹത്തിന്റെ ആകാശവും സഹനത്തിന്റെ ഭൂമിയും അവര്‍ക്ക് അന്യമാണ്.പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അല്ല വിവാഹം, അതൊരു കരാരുമല്ല. മറിച്ച് ഉപാധികളില്ലാത്ത സ്നേഹ തീര്‍ത്ഥം നിര്‍ഗ്ഗളിക്കുന്ന സുന്ദര ഭൂമിയിലാകണം വിവാഹം എന്ന കൂടിച്ചേരല്‍ കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങളില്‍ സ്നേഹം അകലാന്‍ പാടില്ല! മീനച്ചൂടില്‍ അത് വാടനും പാടില്ല.കന്നിനിലാവില്‍ അത് പതിനാലാം രാവുപോലെ പ്രശോഭിക്കണം. ശീത താപങ്ങളും സുഖദു:ഖങ്ങളും പിന്നീട് എല്ലാ അനുഭവങ്ങളെയും സ്വായത്തമാക്കി ഒരു പ്രവാഹമായി അത് അനന്തസാഗരത്തില്‍ ലയിച്ചു ചേരണം.                               

                 ഈ ജീവിതവഴികളില്‍ സ്നേഹ സാന്ദ്രമായ അനുഭവങ്ങളുടെ വസന്ത കാലം മാത്രമല്ല കാത്തിരിക്കുന്നത്. ദു:ഖസാന്ദ്രമായ ശിശിര കാലവും കാത്തിരിക്കുന്നു. എല്ലാ കാല ദേശങ്ങള്‍ക്കപ്പുറം മോഹ വീണയുടെ തന്ത്രികളില്‍ അനുരാഗത്തിന്റെ ശ്രുതിമീട്ടാന്‍ തരള മോഹങ്ങളും യാമങ്ങളും ഇനിയും ഞങ്ങളെ കാത്തിരിക്കുന്നു.
പ്രണയത്തിന്റെ ചൂടും ചൂരും അവളിലേക്ക് പകര്‍ന്നപ്പോള്‍ ജീവിതത്തില്‍ നിര്‍വ്ര്തിയുടെ നിമിഷങ്ങളിലേക്ക് ഞാന്‍ അറിയാതെ ഒഴുകിച്ചേരുകയായിരുന്നു.
സ്നേഹ സല്ലാപത്തിന്റെ മുറുകിയ വീണക്കമ്പികളില്‍ ഞങ്ങള്‍ സ്വയമറിയാതെ ലയിച്ച ഒരു നിമിഷത്തിലാണ് അവള്‍ ഒരു തുടിപ്പായി ഞങ്ങളെ ആഹ്ലാദത്തിന്റെ സ്വപ്ന വനത്തിലേക്ക് കൊണ്ടു പോയത്.
                  ദാമ്പത്യം എന്ന ഇന്ദീവരത്തിലെ ഇന്ദ്രവല്ലരിയായി അവള്‍ പുഷ്പിച്ചു!....എന്റെ പൊന്നു മോള്‍...!ജീവിതത്തിന്റെ ആനന്ദച്ചൂടില്‍ അവളുടെ പുഞ്ചിരി വര്‍ഷകാലമേഘം പോലെ എന്റെ മനസ്സില്‍ പെയ്തിറങ്ങുന്നു.....                                  

                                                                                 Shajir Kanthapuram